District News
തൃശൂർ: പെട്രോൾ- ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന പെട്രോളിയം കന്പനികളുടെയും കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിന്റെയും നടപടികൾക്കെതിരേ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ -എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബിഎസ്എൻഎൽ ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഹരിദാസ് അധ്യക്ഷനായി.
ഓട്ടോ, ടാക്സി വാടക കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നു. കഴിഞ്ഞ നാലുവർഷമായി നിരക്കുവർധനയുണ്ടായിട്ടില്ലെന്നും ഓർമിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ പി.ഡി. റെജി, വർധനൻ പുളിക്കൽ, സുനിൽ കുന്നത്തേരി എന്നിവർ പ്രസംഗിച്ചു. ഇ.എ. ഡേവിസ്, എസ്.എ. സതീശൻ, ടി.എം.സി. സോളമൻ, അരുണ്, ധനേഷ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: ഇന്ധനവില കൂടിയത് കേരളത്തെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപഭോക്തൃ സംസ്ഥാനമാണു കേരളം. വിദൂര സ്ഥലങ്ങളിൽനിന്നാണു ട്രക്കുകൾ കേരളത്തിലേക്ക് വരുന്നത്. അതിനാൽത്തന്നെ ഡീസൽ വില കൂടുന്നതിന്റെ ആഘാതം വലുതാണ്.
ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കേരളത്തിന്റെ നികുതിവിഹിതം കുറയ്ക്കണമോയെന്നു പരിശോധിക്കാൻപോലും കഴിയാത്തരീതിയിൽ ദിവസേന വില കൂട്ടുകയാണ്.
കേരളത്തെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലക്കയറ്റം. ഇതടക്കം കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജനങ്ങളുടെ സന്പാദ്യം ഗഡുക്കളായി കൊള്ളയടിക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സമയങ്ങളിൽ അതിന്റെ സാന്പത്തികനേട്ടങ്ങൾ ജനങ്ങൾക്കു കൈമാറാതെ കേന്ദ്രസർക്കാർ പൂർണമായും തടഞ്ഞുവച്ചു. കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
District News
മണ്ണഞ്ചേരി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതിനു പിന്നാലെ, പത്തു ദിവസത്തിനിടയിൽ മൂന്ന് പ്രാവശ്യം പെട്രോൾ, ഡീസൽ വിലയിൽ വരുത്തിയ വർധന വിലക്കയറ്റം സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേന്ദ്രസർക്കാർ എണ്ണക്കമ്പനികളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും രാജു അപ്സര കുറ്റപ്പെടുത്തി.
മണ്ണഞ്ചേരി മർച്ചന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സൈനുൽ ആബ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ട്രഷറർ മൈതീൻകുഞ്ഞ് മേത്തർ, സംസ്ഥാന സെക്രട്ടറി വി. സബിൽ രാജ്, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഇന്ധനവില അമിതമായി കൂട്ടുന്നതിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും പാവപ്പെട്ടവരെയും സാധാരണക്കാരെയും സംരക്ഷിക്കുവാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.
ഓട്ടോറിക്ഷ തൊഴിലാളികളുൾപ്പടെ പാവപ്പെട്ടവരായ ജനങ്ങൾ ഇന്ധനവിലവർധന മൂലം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. അനിയന്ത്രിതമായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.
District News
അഞ്ചല് : തുടര്ച്ചയായുള്ള ഇന്ധന വില വര്ധനവില് പ്രതിഷേധിച്ച് കോണ്ഗ്രസ് അഞ്ചല് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് അഞ്ചലില് പ്രകടനം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ബി. വേണുഗോപാൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കോളജ് ജംഗ്ഷനില് നിന്നും ആരംഭിച്ച പ്രകടനം ആര്ഒ ജംഗ്ഷന് വഴി ചന്തമുക്കില് സമാപിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി.ജെ. ഷോം, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള,ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഷഹീർ അഞ്ചൽ, മണ്ഡലം പ്രസിഡന്റുമാരായ അഗസ്ത്യക്കോട് രാധാകൃഷ്ണൻ, ഷാനവാസ്, ഗീവർഗീസ്, നേതാക്കളായ ഏറം സന്തോഷ്, ഷെറിൻ അഞ്ചൽ എന്നിവര് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: ഇന്ധന വിലവർധന സാധാരണക്കാരിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലും ആ ഭാരം ജനങ്ങളിലേക്ക് കൈമാറാതെ കേന്ദ്ര സർക്കാർ നേരിട്ട് ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധന ഇറക്കുമതിക്കായി രാജ്യം വലിയ തുക ചിലവഴിക്കുന്നുണ്ടെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചാണ് കുറഞ്ഞ നിരക്കിൽ ഇന്ധനം വിതരണം ചെയ്യുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനും ഇന്ധനവില നിയന്ത്രണം അനിവാര്യമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധനവിലയിൽ വലിയ വർധനവ് ഉണ്ടാകാത്തത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ മൂലമാണെന്നും അദ്ദേഹം ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിനും ബദൽ ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ആഗോള എണ്ണ വിപണി നിരീക്ഷിച്ചു വരികയാണെന്നും ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.